ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് തൊഴില്‍
രഹിതരുടെ ബാഹുല്യം. ഈ പ്രതികൂലാവസ്ഥയെ ഒരു പരിധി വരെ ഇന്ത്യക്ക്
മറികടക്കാന്‍ സഹായകരമായത്, സ്വയം പര്യാപ്‌തമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്
സ്വയം ബോധവാന്മാരായ ഇന്ത്യയിലെ ജനതയാണ്. അത് കൊണ്ട് തന്നെയാണ്,
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും സ്വയം തൊഴിലിലേക്ക് നീങ്ങിയതും. ഇവരില്‍
ബഹുഭൂരിഭാഗവും സ്വയം തൊഴില്‍ കണ്ടെത്തിയ രണ്ട് മേഖലകളാണ് കൃഷിയും,
ചെറുകിട വ്യാപാരവും. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി,
ഭാരതസര്‍ക്കാര്‍ സ്വീകരിച്ച നയനിലപാടുകള്‍, സര്‍ക്കാറിനു ഭാരമാവാതെ
സ്വയം തൊഴില്‍ കണ്ടെത്തിയ ഈ ഭൂരിഭാഗം ജനതക്കെതിരായിരുന്നു. സാമ്പത്തിക
കുത്തക രാഷ്‌ട്രങ്ങള്‍ കൊണ്ട് വരുന്ന അന്താരാഷ്‌ട്ര കരാറുകളില്‍,
ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന അടിസ്ഥാന വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍
പരിഗണിക്കാതെ ഒപ്പിടാന്‍ ഇന്ത്യ സന്നദ്ധമായതിന്റെ പരിണിതഫലങ്ങളില്‍
ഒന്നാണ് ഇന്ന് ഇന്ത്യയിലെ കര്‍ഷകര്‍ അനുഭവിക്കുന്നത്. സ്വയം തൊഴിലെന്ന
നിലയില്‍ കാര്‍ഷികവൃത്തിയെ കണ്ട ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന
ജനവിഭാഗം ഇന്ത്യയില്‍ അവഗണിക്കപ്പെടാന്‍ മുഖ്യ കാരണമായത്, സ്വന്തം
അസ്ഥിത്വം വിസ്‌മരിച്ചു കൊണ്ടുള്ള ഇന്ത്യയുടെ വികസന കാഴ്‌ചപ്പാടായിരുന്നു.
അതിന്റെ പരിണിത ഫലമെന്നോളം, വര്‍ത്തമാന ഇന്ത്യയില്‍ കര്‍ഷകആത്മഹത്യകള്‍
ഗൌരവം നഷ്‌ടപ്പെട്ട ഒരു 'പ്രക്രിയ' ആയി മാറിയിരിക്കുന്നു. ഇത്തരമൊരു
അവസ്ഥയിലേക്ക് നയിക്കാന്‍ കാരണമായ അന്താരാഷ്‌ട്ര കരാറുകളെ കുറിച്ച്
ഇന്ത്യന്‍ ജനത എത്ര വേഗം മറന്നിരിക്കുന്നു എന്നത് ഭീതിജനകമായ വസ്‌തുതയാണ്.
ഇന്ത്യയിലെ സ്വയം തൊഴില്‍ രംഗത്ത്, കാര്‍ഷിക രംഗം കഴിഞ്ഞാല്‍ ഏറ്റവും
കൂടുതല്‍ ആശ്രയിക്കപ്പെടുന്ന മേഖലയാണ് ചെറുകിട വ്യാപാര മേഖല. ഒന്നേകാല്‍
കോടിയോളം ചില്ലറ വ്യാപാരങ്ങളും, നാലരക്കോടിയോളം തെരുവു കച്ചവടക്കാരും
ഉള്‍പെടുന്ന ഈ മേഖലയില്‍ കണക്കാക്കപ്പെട്ട വാര്‍ഷിക വിറ്റുവരവ്
250 ബില്യണ്‍ ഡോളറാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചെറുകിട വ്യാപാരങ്ങള്‍
പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര
ഉത്‌പാദനത്തിന്റെ 11% സംഭാവന ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖലയില്‍
നിന്നാണ്. ഒന്നേകാല്‍ കോടി വരുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍
ജോലി ചെയ്‌ത് ജീവിക്കുന്നത് നാല് കോടി ജനങ്ങളാണ്. ഓരോ ചെറുകിട
വ്യാപാരവും ഓരോ കുടുംബത്തിന്റെ ജീവിതോപാധിയാണെന്നിരിക്കെ, കാര്‍ഷിക
മേഖല പോലെ തന്നെ സംരക്ഷിക്കപ്പെടേണ്ട ഒരു മേഖലയായി ഇതിനെ കണേണ്ടിയിരിക്കുന്നു.
കോടിക്കണക്കിന് ജനങ്ങളുടെ ജീവിതവരുമാനമാര്‍ഗ്ഗമായ ഈ മേഖല, വന്‍
പ്രതിസന്ധി നേരിടാന്‍ പോകുകയാണ്. ഭാരതി എന്റര്‍ പ്രൈസസുമായി കൈകോര്‍ത്ത്,
ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വ്യാപാര കുത്തക ഭീമന്‍ വാള്‍മാര്‍ട്ട്
ഇന്ത്യയിലേക്ക് പിന്‍വാതില്‍ പ്രവേശനം ചെയ്യുകയാണ്. ഇന്ത്യയിലെ
നൂറുകോടിയിലധികം വരുന്ന ഉപഭോക്‍തൃ സമൂഹവും, 250 ബില്യണിലധികം ഡോളര്‍
വിലമതിക്കുന്ന ഇന്ത്യന്‍ ചെറുകിട വ്യാപാരമേഖലയും ലക്‍ഷ്യം വെച്ച്
തന്നെയാണ് വാള്‍മാര്‍ട്ട് അധിനിവേശത്തിനൊരുങ്ങുന്നത്. ലോകത്തങ്ങോളമിങ്ങോളം
5000-ലേറെ സൂപ്പര്‍ മാര്‍കറ്റുകളുള്ള ഈ വ്യാപാരഭീമനു മുന്നില്‍ ഇന്ത്യന്‍
ചെറുകിട വ്യാപാര മേഖല തകര്‍ന്നടിയുക തന്നെ ചെയ്യും എന്നതില്‍ യാതൊരു
വിധ സംശയവും വേണ്ടതില്ല. ഇതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്നത്
ഇന്ത്യയിലെ ചെറുകിട വ്യാപാരികള്‍ മാത്രമായിരിക്കില്ല. അന്താരാഷ്‌ട്ര
കരാറുകളുടെ ചതുപ്പില്‍ താണുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖലയ്‌ക്കുള്ള
മറ്റൊരു പ്രഹരം കൂടിയാവും വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലെ ആധിപത്യം.
കാര്‍ഷികത്തോട്ടങ്ങള്‍ സ്വന്തമായി പാട്ടത്തിനെടുക്കുകയും, ഭക്‍ഷ്യ
വസ്‌തുക്കള്‍ സ്വന്തം ഫാക്‍ടറികളില്‍ സംസ്‌കരിക്കുകയും, സ്വന്തം
ഡിപാര്‍ട്മെന്റുകളിലൂടെ ഉപഭോക്താക്കളിലെത്തിക്കുകയും ചെയ്യുന്നതിലൂടെ,
ഭക്‍ഷ്യവിപണിയിലെ ആധിപത്യം വാള്‍മാര്‍ട്ട് ഉറപ്പിക്കുന്നു. അമേരിക്ക
പോലുള്ള സാമ്പത്തിക രാജ്യങ്ങള്‍ കാര്‍ഷിക മേഖലയില്‍ വലിയ തോതില്‍
സബ്‌സിഡികള്‍ നല്‍കുന്നതു മൂലം, തുച്ഛമായ വിലയ്‌ക്ക് ഭക്‍ഷ്യവസ്‌തുക്കള്‍
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ വാള്‍മാര്‍ട്ട് പോലുള്ള കുത്തകകള്‍ക്ക്
സാധ്യമാകുന്നു. ഇന്ത്യന്‍ വ്യാപാര മേഖലയില്‍ ഇത്തരം കുത്തകകളുടെ
ആധിപത്യം പൂര്‍ണ്ണമാകുന്നതോടെ, അവര്‍ നിശ്‌ചയിക്കുന്ന വിലയ്‌ക്ക്
ഇന്ത്യയിലെ കര്‍ഷകര്‍ ഭക്‍ഷ്യസാധനങ്ങള്‍ നല്‍കേണ്ടി വരും എന്ന അത്യധികം
ഭീകരമായ ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും.
വാള്‍മാര്‍ട്ട് പോലുള്ള വ്യാപാരഭീമന്‍മാരെ ഇന്ത്യയിലേക്ക് ആനയിക്കുന്നവര്‍
ഉയര്‍ത്തുന്ന നേട്ടങ്ങല്‍ രണ്ടാണ്. ഒന്ന്, ഇന്നത്തെ ചെറുകിട വ്യാപാരികള്‍
ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് സാധനങ്ങള്‍ ലഭ്യമാകും.
മുതലാളിത്തം പാകിയ ഏറ്റവും വലിയ വിഷവിത്താണ് 'സ്വാര്‍ഥത' എന്നത്.
ഒരു സംഘടിത സാമൂഹ്യ ചിന്തയേക്കാള്‍, തനിക്കെന്ത് ലാഭം എന്ന ഭ്രമം
മനുഷ്യനെ നിയന്ത്രിക്കുന്നു. ഈ സ്വാര്‍ഥ ചിന്തയെ മുതലെടുത്ത് കൊണ്ട്,
ഇത്തരം വ്യാപാരഭീമന്മാര്‍ കുത്തക സ്ഥാപിച്ചു കഴിഞ്ഞാല്‍, പിന്നീട്
വിപണി നിശ്‌ചയിക്കുന്നതിന്റെ പൂര്‍ണ്ണ നിയന്ത്രണം അവരുടെ കൈകളിലായിരിക്കും
എന്ന വസ്‌തുതയും വിസ്‌മരിക്കാതിരിക്കുക. രണ്ടാമതായി ഉന്നയിക്കുന്ന
മഹത്വം, തുറക്കാന്‍ പോകുന്ന ജോലി സാധ്യതകളെക്കുറിച്ചാണ്. കോടിക്കണക്കിനു
ചെറുകിടവ്യാപാരികളെ തൊഴില്‍രഹിതരാക്കിക്കൊണ്ട്, ചുരുക്കം ചിലര്‍ക്ക്
ജോലി നല്‍കുന്നതിലൂടെ ഇവിടെ ഏത് തരത്തിലുള്ള ജോലി സാധ്യതയാണ് തുറക്കപ്പെടുന്നത്?
നിക്കരാഗോയിലും, ബംഗ്ലാദേശിലും മറ്റും വാള്‍മാര്‍ട്ടിലെ ജീവനക്കാര്‍
എത്രമാത്രം ചൂഷണം ചെയ്യപ്പെടുന്നു എന്നതും ചേര്‍ത്തു വായിക്കേണ്ടതാണ്.
വാള്‍മാര്‍ട്ട് കടന്നു വന്ന മറ്റു രാജ്യങ്ങളില്‍ നിന്നും ഇപ്പോള്‍
സന്തോഷകരമായ വാര്‍ത്തകളല്ല പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വന്‍കിട
വ്യാപാരശൃംഖലകളുടെ കടന്നു വരവ്, ചെറുകിട വ്യാപാരികളെ പ്രതികൂലമായി
ബാധിച്ചു എന്ന് തായ്‌ലാന്റ് പ്രധാനമന്ത്രി തന്നെ തുറന്നു പറയേണ്ട
അവസ്ഥയിലാണ് ഇന്ന് തായ്‌ലാന്റ്. ഇതിന്റെ പരിണിത ഫലം കണ്ടത് കൊണ്ട്,
ജപാനില്‍ ഇത്തരം വന്‍കിട വ്യാപാര കമ്പനികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നു.
കാലിഫോര്‍നിയയിലും ചിക്കാഗോയിലും പുതിയ വാള്‍മാര്‍ട്ട് ഷോപ്പുകള്‍ക്ക്
അനുമതി നിഷേധിക്കുകയാണ്.
മാറി മാറി വരുന്ന സര്‍ക്കാറുകളില്‍ നിന്നും ഇനി ഒന്നും പ്രതീക്ഷിക്കാനില്ല.
അടിമത്വത്തില്‍ നിന്നും അടിമത്വത്തിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍
എന്തേ നിങ്ങള്‍ ശബ്‌ദിച്ചില്ല എന്ന് വരും തലമുറ നമ്മെ ശപിക്കുന്ന
കാലം വരും.എന്നത്തേയും പോലെ നിഷ്‌ക്രിയരായി നമുക്ക് കാത്തിരിക്കാം.
ചെറുകിട വ്യാപാരികള്‍ ആത്മാഹുതി ചെയ്യുന്ന വാര്‍ത്തകള്‍ക്കായി...
വാര്‍ത്തയല്ലാതായി മാറുന്ന വാര്‍ത്തകള്‍ക്കായി.
<< മുന്‍ താളിലേക്ക്
<< അഭിപ്രായം രേഖപ്പെടുത്തുക