ആവിഷ്‌കരണം
പത്രാധിപ സമിതി
ഡ്രിസില്‍ മൊട്ടാമ്പ്രം
ജൈസല്‍ കായണ്ണ
രഞ്ജിത്ത്‌ ചേര്‍പ്പ്‌
റഹ്‌ന അലി (ശിശിരം)
രക്ഷാധികാരി
ആരിഫ്‌ ഹനീഫ
(ഡാഫൊഡില്‍സ്‌ ഗ്രൂപ്‌ ‌ പ്രതിനിധി)
വെബ്‌സൈറ്റ്‌ രൂപരേഖ
അനീസ്‌ കൊടിയത്തൂര്‍
സൃഷ്ടികള്‍ അയക്കേണ്ട വിലാസം:
editor@thusharam.com
thushaaram@gmail.com
 
Daffodils in desert

മറ്റു വായനകള്‍


തുഷാരത്തിലേക്ക്‌ സ്വാഗതം

thusharam
മേടം - 1182 (ഏപ്രില്‍ - മെയ്‌ 2007) ലക്കം - 16
സംഭാഷണം - ശിഹാബുദ്ധീന്‍ / ഇബ്രു / സുനില്‍ ‍
സൌന്ദര്യ സങ്കല്‍പത്തിന്റെ കാലഭേദം‌
ഭാഗം - 02

<< മുന്‍ലക്കത്തില്‍ നിന്നും തുടര്‍ച്ച
ഇബ്രു : കഥയില്‍ നിന്ന് മാറി, കേരളസമൂഹത്തിന്റെ ഇടതുപക്ഷ വിചാരത്തെ എങ്ങനെ നോക്കി കാണുന്നു ?

ശിഹാ: യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷമെന്ന പക്ഷമില്ല കേരളത്തില്‍ണമ്മുടെ സ്വപ്‌നങ്ങളില്‍ ഇന്നുമത്‌ അഭിരമിക്കുകയാണ്‌.ജനങ്ങളുടെ ആഗ്രഹങ്ങളെ സാക്ഷാത്‌കരിക്കുന്നതിന്‌ പകരം സ്വപ്‌നം പങ്കുവെയ്ക്കുന്ന പൂര്‍വ്വാവസ്ഥയില്‍ തന്നെയാണ്‌ യഥാര്‍ത്ഥ ഇടതുപക്ഷം. സാധാരണക്കാരന്റെ ആവശ്യങ്ങളോട്‌ നീതി പുലര്‍ത്താതെ സ്വപ്‌നം വിതരണം ചെയ്‌തു കൊണ്ടേയിരിക്കുന്നു ഈ ഇടതുപക്ഷം

ഇബ്രു: തീര്‍ത്തും ആശയറ്റ ഈ കാലഘട്ടത്തില്‍ ഇനിയെങ്ങനെയാവണം പ്രതിവിധി രൂപപ്പെടുത്തേണ്ടത്‌ ?

ശിഹാ: നിരാശാജനകമെന്ന് തീര്‍ത്തും പറഞ്ഞ ഒഴിയേണ്ട സ്ഥിതി വിശേഷമല്ലിത്‌ . നമുക്ക്‌ ഇനിയും പ്രതീക്ഷകളും സ്വപ്‌നങ്ങളും ബാക്കിയുണ്ട്‌. ചാരം മൂടിയ അടുപ്പായിട്ടില്ല. കനലെങ്കിലും ബാക്കിയുണ്ട്‌. നമ്മുടെ പ്രതീക്ഷകളൂതി തീ പടര്‍ത്തണമെന്ന് മാത്രം. ഓരോ കാലഘട്ടത്തിലും പ്രതിസന്ധികളുണ്ടാകും . പൊറുതിമുട്ടിയ സമൂഹം എല്ലാ പ്രതിബന്ധങ്ങളേയും തകര്‍ത്തെറിയും. അതിനു മുന്‍പുള്ള ശാന്തതയാകാനും മതി ഈ നിഷ്ചേഷ്‌ഠ.
ഇബ്രു: കഥകള്‍ സ്വാഭാവികമായുണ്ടാകുന്ന ചിന്താധാരയില്‍ നിന്ന്‌ വിപുലീകരിക്കയണോ അതോ സാഹചര്യങ്ങളുടെ വിസമ്മതങ്ങളില്‍ നിന്നും രൂപപ്പെടുത്തുകയാണോ ചെയ്യാറ്‌?
ശിഹാ: ഇത്‌ രണ്ടും രണ്ടല്ല. രണ്ടും ഒന്നായിട്ടുള്ള സന്ദര്‍ഭങ്ങളാണ്‌ കഥയില്‍ ഉണ്ടാവുക. ഒരു ഉദാഹരണമായി പറയാം. ഈയിടെ എന്റെ പരിചിത വലയത്തില്‍ നിന്നുണ്ടായ ഒരാത്മഹത്യ. നിമിഷാര്‍ദ്ധത്തില്‍ നിന്നുണ്ടാകുന്ന മനോവിചാരമാണതിന്‌ പ്രേരിപ്പിക്കുന്നത്‌. ആളൊഴിഞ്ഞ തീവണ്ടിയില്‍ ദൂരയാത്ര ചെയ്യുമ്പോള്‍ വാതിലില്‍ നിന്ന് പുറത്തേക്ക്‌ ചാടി ജീവിതമവസാനിപ്പിക്കാനുള്ള ത്വര എനിക്കുമുണ്ടായിട്ടുണ്ട്‌. അന്നേരത്ത്‌ അകലെയുള്ള നക്ഷത്രത്തെ കാണുകയും മനോഹരമായ കാഴ്‌ചയില്‍ ഞാന്‍ മതിമറന്ന് ആത്മഹത്യാവിചാരം കൈമോശം വരികയും ചെയ്‌തു. പിന്നീടാണ്‌ അത്‌ ഒരു നക്ഷത്രമായിരുന്നില്ലെന്നും ഏതോ സാറ്റലൈറ്റിന്റെ വിദൂരദൃശ്യമാണെന്നും അറിയാനായത്‌ . എന്റെ എഴുതാനിരിക്കുന്ന കഥയുടെ ബീജാവാപം ഇത്തരമൊരിടത്ത്‌ വളര്‍ച്ചയാരംഭിക്കുന്നുണ്ട്‌.

സുനില്‍: ബോധേശ്വരന്‍ എന്ന കഥ നക്‍സല്‍ പശ്‌ചാത്തലത്തില്‍ എഴുതിയ ഒന്നായിരുന്നല്ലോ, കേരളരാഷ്‌ട്രീയത്തിന്റെ പോസറ്റീവ്‌ ചലനത്തിന്‌ നക്‍സല്‍ പ്രസ്ഥാനങ്ങള്‍ എത്രത്തോളം ഗുണം ചെയ്തു?
ശിഹാ: ബോധേശ്വരന്‍ എന്ന കഥയില്‍ കടുവക്കോടന്‍ നാരായണന്‍ എന്ന കഥാപാത്രം നിരന്തര പീഡനങ്ങളുടെ ഫലമായി പ്രത്യുല്‍പാദനശേഷി നഷ്‌ടപ്പെട്ടയൊരാളായി തീരുന്നു. അടിയന്തിരാവസ്ഥയുടെ തിക്ത ഫലമായിട്ടായിരുന്നുവത്‌.
കേരള രാഷ്‌ട്രീയത്തില്‍ പ്രീ എമര്‍ജന്‍സി പിരീയഡും പോസ്റ്റ്‌ എമര്‍ജന്‍സി പിരീയഡും എന്ന പ്രധാനപ്പെട്ട രണ്ട്‌ ഭാഗങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍. അടിയന്തിരാവസ്ഥ കേരളരാഷ്‌ട്രീയത്തെ ഷണ്‍ഠീകരിക്കുകയാണ്‌ ഉണ്ടായത്‌ . അടിയന്തിരാവസ്ഥക്ക്‌ ശേഷം മൃതപ്രായമായ രാഷ്‌ട്രീയത്തിന്‌ ഓജസ്സ്‌ വീണ്ടെടുക്കനായിട്ടില്ല . അതോടെ നാം വല്ലാതെ ഭയചകിതരായി മാറി. കാരണം നാം യുദ്ധത്തിന്റെ കെടുതികള്‍ അറിഞ്ഞിട്ടില്ല. അടിയന്തിരാവസ്ഥ, പക്ഷേ യുദ്ധവും കെടുതിയും ഒക്കെ ആയിരുന്നു. അത്‌ ഒരേ സമയം രാഷ്‌ട്രീയ യുദ്ധവും രാഷ്‌ട്രീയ കെടുതിയുമായിരുന്നു. ജനാധിപത്യത്തിന്റെ മേല്‍ നിപതിച്ച തീവ്രമായ ഒരു പ്രഹരമായിരുന്നുവത്‌. നാം അതിനെ നേരിട്ടത്‌ കീഴടങ്ങി കൊണ്ടായിരുന്നു.
കടുവക്കോടന്‍ നാരായണന്‍ അടിയന്തിരാവസ്ഥ കാലഘട്ടത്തെ പ്രതിനിധാനം ചെയ്‌തൊരാളായിരുന്നു. പോസ്‌റ്ററുകള്‍ എഴുതിയും ചിത്രം വരച്ചും അടിയന്തിരാവസ്ഥയോട്‌ യുദ്ധം ചെയ്‌ത ഒരാള്‍. നന്മയുടെ പ്രതീകമായൊരാള്‍ക്ക്‌ തിന്മയുടെ പേരിട്ട്‌ കൊടുക്കുകയായിരുന്നു. രാഷ്‌ട്രീയ കഥകളില്‍ വരുത്തുന്നത്‌ നേരിട്ടുള്ള രീതിയിലൂടെയല്ല.
ഇബ്രു: യുവതലമുറ അരാഷ്‌ട്രീയവാദികളാണെന്നും ചാറ്റിംഗും ബ്രൌസിംഗും മൂലം പൊതുധാരയില്‍ നിന്നും അകന്നു നില്‍ക്കുന്നവരാണെന്നും കരുതുന്നുണ്ടോ?

ശിഹാ: അത്തരമൊരു സമീപനം അരാഷ്‌ട്രീയവാദമല്ല . മറിച്ച്‌ മറ്റൊരു രാഷ്‌ട്രീയ കൂട്ടായ്‌മയുടെ അടിത്തറ പാകുകയാണെന്നാണ്‌ കരുതേണ്ടത്‌ . ഇപ്പോള്‍ തന്നെ ബ്ലോഗുകളിലും മറ്റും കാണുന്ന കമന്റുകള്‍ നിരീക്ഷിച്ചാല്‍ തന്നെ നൈസര്‍ഗികതയുടെ അംശം കുറച്ചെങ്കിലും കാണാവുന്നതാണ്‌. ഇതുമൊരു സാമൂഹ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണ്‌. ഒരു രാഷ്‌ട്രീയക്കാരന്‍ അത്യാവശ്യം വേണ്ട കാര്യം സത്യസന്ധമായൊരു മനുഷ്യജീവിയാകുകയെന്നതാണ്‌. അവനവനോട്‌ നീതി പുലര്‍ത്തിയാലാണ്‌, സമൂഹത്തോട്‌ നീതി പ്രസംഗിക്കാനെങ്കിലും യോഗ്യത നേടുക.

സുനില്‍: വിര്‍ച്വല്‍ കമ്മ്യൂണിറ്റിയില്‍ പ്രതികരണങ്ങള്‍ പൊതു സമൂഹത്തിലെ പ്രക്ഷോഭങ്ങളിലൂടെ നേടുന്ന ആശാവഹമായ ഗുണഫലങ്ങള്‍ സ്വാധീനിക്കുന്നുണ്ടോ?
ശിഹാ: മുമ്പത്തേത്‌ പോലെ പ്രകടനങ്ങള്‍ ഇന്നാവശ്യമില്ല. ഒരു വ്യക്തിക്ക്‌ ഒരു പ്രകടനം നയിക്കാന്‍ സാധിക്കും ഇക്കാലത്ത്‌. ഉദാഹരണമായി ദരിദ്രലോകത്തെ ഏതെങ്കിലുമൊരു കുട്ടിയുടെ പട്ടിണിക്കോലം നെറ്റ്‌ വഴി ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ കൈമാറി പോകുന്നതുമൊരു ജാഥയാണ്‌. പട്ടിണിക്കെതിരെയുള്ള ഒരു ജാഥയാണത്‌ . ഈ ജാഥയുടെ പ്രതികരണം മാനുഷികതയുടെ ഓര്‍മ്മപ്പെടുത്തലാണ്‌. നിങ്ങളുടെ ഉള്ളിലുണ്ടാക്കുന്ന മാനുഷികതയുടെ അനുരണനമാണ്‌ ഈ ജാഥയുടെ രാഷ്‌ട്രീയം....

(അവസാനിച്ചു)

<< മുന്‍ താളിലേക്ക്

<< അഭിപ്രായം രേഖപ്പെടുത്തുക