സമൂഹത്തില്‍ സ്‌ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നും ഒരര്‍ത്ഥത്തില്‍
അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ പുരുഷന്‍ അതിന് കാരണക്കാരനാകുന്നുവെന്നുമുള്ള
പൊതുനിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ, സ്‌ത്രീകള്‍ക്കിടയിലുള്ള
വിഭിന്നതാ ഭാവത്തെക്കുറിച്ച് നാം ഓര്‍ക്കേണ്ടതുണ്ട്. വ്യത്യസ്‌തമായ
രാഷ്‌ട്രീയ സൈദ്ധാന്തികമായ ഭാവങ്ങളുള്ള ഫെമിനിസ്‌റ്റുകളെ കൊണ്ട്
നിറഞ്ഞിരിക്കുന്ന ഈ സമൂഹം, അതുകൊണ്ട് തന്നെ സ്‌ത്രീശക്തിയെ അവഗണിക്കാവുന്ന
ഒന്നായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. ലിബറല്‍ ഫെമിനിസവും, റാഡിക്കല്‍
ഫെമിനിസവും, സോഷ്യലിസ്‌റ്റ് ഫെമിനിസവും പരസ്‌പരം കൊമ്പു കോര്‍ക്കുമ്പോള്‍
ഇവ എല്ലാത്തിനുമുപരി ഒരു സ്‌ത്രീ സമൂഹത്തിന് നല്‍കേണ്ടതും, സ്‌ത്രീക്ക്
സമൂഹം നല്‍കേണ്ടതുമായ ഒരു പാട് മൂല്യങ്ങളാണ് നമുക്ക് കൈമോശം വരുന്നത്.
ലിബറലിസത്തിന്റെ ഉത്തമാദര്‍ശങ്ങളെ സ്‌ത്രീ രാഷ്‌ട്രീയത്തിന്റെ ലക്ഷ്യങ്ങളായി
കാണാന്‍ മാത്രം ശ്രമിക്കുന്ന ലിബറല്‍ ഫെമിനിസ്‌റ്റുകള്‍ സ്വതന്ത്രമായി
പറക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് വേണ്ടത്, പൂര്‍ണ്ണ പൌരത്വവും
അതിനുള്ള നിയമസംരക്ഷണങ്ങളുമാണ്. സ്വന്തം ഇഷ്‌ടങ്ങള്‍ക്കനുസരിച്ച്
ജീവിക്കുന്ന ഒരു തലമുറയെ അല്ലെങ്കില്‍ ഒരു വിഭാഗത്തെ വളര്‍ത്തിയെടുക്കാനാണവര്‍
ശ്രമിക്കുന്നത്. ഇവരുടെ ചിന്താഗതികള്‍ പലപ്പോഴും നമ്മുടെ സാമൂഹിക
പാശ്ചാത്തലത്തില്‍ അംഗീകരിക്കാനാകാത്തവയാണ്. അതുകൊണ്ട് തന്നെ ധിക്കാരപൂര്‍ണ്ണവും
തന്റേടികളുമായ ഒരു പറ്റം സ്‌ത്രീകളുടെ കൂട്ടായ്‌മയായി ലിബറലിസ്‌റ്റുകള്‍
വ്യാഖ്യാനിക്കപ്പെടുന്നു. പുരുഷമേധാവിത്വത്തിനെതിരെയുള്ള ശക്തമായ
വെല്ലുവിളിയുമായാണ് റാഡിക്കല്‍ ഫെമിനിസം രംഗപ്രവേശം ചെയ്യുന്നത്.
പുരുഷന്റെ അധികാരങ്ങള്‍ സ്‌ത്രീക്കായി പുനര്‍വിഭജനം ചെയ്യണമെന്ന്
ഇവര്‍ വാദിക്കുന്നു. ജീവശാസ്‌ത്രപരമായ സ്വഭാവവിശേഷങ്ങളെ ശക്തിയുക്തം
തള്ളിക്കളയുന്ന ഇവര്‍, സ്‌ത്രീയെ കീഴ്‌പ്പെടുത്താനുള്ള പുരുഷന്റെ
സാമൂഹ്യവും മാനസികവുമായ നിലപാടുകളെ എതിര്‍ക്കുന്നു.
മുതലാളിത്ത സമൂഹഘടനയിലെ വര്‍ഗ വിഭജന സിദ്ധാന്തങ്ങളുടെ ചുവടു പിടിച്ച്
ഒരു ചൂഷണസംഘടനയായി പുരുഷവര്‍ഗത്തെ കല്‍പിക്കുന്ന ഒന്നാണ് സോഷ്യലിസ്‌റ്റ്
ഫെമിനിസം. ലിബറല്‍ ഫെമിനിസത്തെ ബൂര്‍ഷ്വാ ഫെമിനിസമെന്നു വിളിച്ച്
വ്യക്തമായ വിഭിന്നത വിളിച്ചോതിക്കൊണ്ടാണ് അവരുടെ നടപ്പ്. പഴയ സോവിയറ്റ്
യൂണിയനിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് മുളപൊട്ടിയ ഈ പ്രസ്ഥാനം,
ആ രാജ്യത്തിന്റെ തകര്‍ച്ചയോടെ അടിത്തറ നഷ്‌ടപ്പെട്ട അവസ്ഥയിലാണ്.
സ്‌ത്രീയെ പദവികളുടേയും അധികാരത്തിന്റെയും പിന്നണിയിലേക്ക് മാറ്റി
നിര്‍ത്താന്‍ നിയമം കൂട്ടു നില്‍ക്കുമ്പോള്‍ അതിനെതിരെ പോരാടേണ്ട
നമ്മുടെ വനിത പ്രസ്ഥാനങ്ങളുടെ സ്ഥിതിയും പരിതാപകരമാണ്. പുരുഷ സംഘടനകളുടെ
വാലാട്ടികളായി നില്‍ക്കാന്‍ മാത്രം താല്‍പര്യം കാണിക്കുന്ന വനിതാസംഘടനകള്‍
ഇന്ന് സ്‌ത്രീകളുടെ സംരക്ഷണം ഉറപ്പു വരുത്താനല്ല, പകരം സ്‌ത്രീ ഒരു
അടിമയാണെന്ന് അരക്കിട്ടുറപ്പിക്കാനാണ് ശ്രമിക്കുന്നത്.
വിദ്യാര്‍ത്ഥി സംഘടനകളുടെയും ഗതി ഇതു തന്നെയാണ്. ഒരു വിദ്യാര്‍ത്ഥി
സംഘടനയും വിദ്യാര്‍ത്ഥിനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍
തയ്യാറാകുന്നില്ല. ശ്രമിക്കുന്നവരുടെ തന്നെ ചിറകരിയാനാണ്, മാതൃരാഷ്‌ട്രീയ
പ്രസ്ഥാനങ്ങളിലെ തന്നെ 'വല്യേട്ടന്‍' സംഘടനകള്‍ തീരുമാനിക്കുക.
"വനിതകളുടെ സാമ്പത്തിക സ്ഥിതിയില്‍ ഒരു മാറ്റം വരുത്തുന്നതു
കൊണ്ട് അവളെ മാറ്റാന്‍ കഴിയുമെന്ന് നാം വിശ്വസിക്കരുത്. ധാര്‍മ്മികവും
സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ
ഇവിടെ പുതിയൊരു സ്‌ത്രീ ഉണ്ടാകുകയുള്ളൂ." എന്ന സിമോണ്‍ ഡി ബുവ്വയുടെ
വാക്കുകള്‍ ഇവിടെ പ്രസക്തമാണ്.
ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെ സാമൂഹികമായ മാറ്റങ്ങള്‍ക്കു വേണ്ടി
പോരാടാന്‍ വിദാര്‍ത്ഥിനികള്‍ തയ്യാറാവണം. വിദ്യാര്‍ത്ഥിനിയില്‍ നിന്നും
ഒരു കുടുംബിനിയിലേക്കുള്ള മാറ്റം അവളില്‍ ഗണ്യമായ സാമൂഹിക പരിവര്‍ത്തനങ്ങള്‍
വരുത്തുന്നതായാണ് ഇന്നത്തെ അനുഭവം. അതുകൊണ്ട് തന്നെയാണ് ഇന്നത്തെ
സ്‌ത്രീ സംഘടനകള്‍ ഇത്ര ശോഷിച്ചു പോകുന്നതും. ഈ ദുസ്ഥിതിക്ക് ഒരു
മാറ്റം സാധ്യമാക്കാന്‍ കഴിയുന്ന ഒരേയൊരു വര്‍ഗം വിദ്യാര്‍ത്ഥിനികള്‍
മാത്രമാണ്. വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് വിദ്യാര്‍ത്ഥിനികള്‍
മാതൃകയാകേണ്ടത്. ഈ സമൂഹത്തില്‍ തങ്ങള്‍ക്കും ഒരു പങ്കുണ്ടെന്നും
അത് അവഗണിക്കാനാവാത്തതാണെന്നും മേധാവിത്വസംഘടനകളെക്കൊണ്ട് അംഗീകരിപ്പിക്കുക
എന്ന ശ്രമകരമായ ജോലിയാണ് അവരില്‍ നിക്ഷിപ്‌തമായിരിക്കുന്നത്.
ഇതിനെക്കുറിച്ച് വിദ്യാര്‍ത്ഥിനികളെ ബോധവതികളാക്കേണ്ടതില്‍ ഇന്നത്തെ
ഭരണകൂടത്തിനും വലിയ പങ്കു വഹിക്കാനുണ്ട്. സ്‌ത്രീയുടെ അവകാശങ്ങളെക്കുറിച്ച്
അവരെ ബോധവത്‌കരിക്കാന്‍ അത്തരം വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
അങ്ങനെ വളര്‍ന്നുവരുന്ന തലമുറ സ്‌ത്രീയ്‌ക്ക് സമൂഹത്തിലുള്ള സ്ഥാനത്തെ
വിലമതിക്കാന്‍ പഠിക്കുന്നതോടെ, വിദ്യാര്‍ത്ഥിനി സംഘടനകളുടെ ജോലി
ഇത്ര തന്നെ ശ്രമകരമായിരിക്കില്ല എന്നു കരുതാം. അതിനായി വിദ്യാര്‍ത്ഥിനികള്‍
ഇപ്പോള്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കൊടികളുടെ
നിറവ്യത്യാസങ്ങളില്ലാതെ, അടിച്ചമര്‍ത്തപ്പെടുന്നവരുടെ വേദന നെഞ്ചിലേറ്റി
നമുക്കൊരുമിക്കാം. ഒരു നല്ല പ്രഭാതത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാം,
കാതോര്‍ത്തിരിക്കാം.
<< മുന്‍ താളിലേക്ക്
<< അഭിപ്രായം രേഖപ്പെടുത്തുക