ആവിഷ്‌കരണം
പത്രാധിപ സമിതി
ഡ്രിസില്‍ മൊട്ടാമ്പ്രം
ജൈസല്‍ കായണ്ണ
രഞ്ജിത്ത്‌ ചേര്‍പ്പ്‌
റഹ്‌ന അലി (ശിശിരം)
രക്ഷാധികാരി
ആരിഫ്‌ ഹനീഫ
(ഡാഫൊഡില്‍സ്‌ ഗ്രൂപ്‌ ‌ പ്രതിനിധി)
വെബ്‌സൈറ്റ്‌ രൂപരേഖ
അനീസ്‌ കൊടിയത്തൂര്‍
സൃഷ്ടികള്‍ അയക്കേണ്ട വിലാസം:
editor@thusharam.com
thushaaram@gmail.com
 
Daffodils in desert

മറ്റു വായനകള്‍


തുഷാരത്തിലേക്ക്‌ സ്വാഗതം

thusharam
മേടം - 1182 (ഏപ്രില്‍ - മെയ്‌ 2007) ലക്കം - 16
വിഷു ഓര്‍മകളിലൂടെ - കരീം മാഷ് തോണിക്കടവത്ത് ‍
വിഷുപക്ഷി

"വിഷുപ്പക്ഷി ഏതോ കൂട്ടില്‍...!
വിഷാദാര്‍ദ്രമെന്തോ പാടി...,
നൂറു ചൈത്രാസന്ധ്യാരാഗം..!
പൂത്തു കാതില്‍, നിന്നാത്മാവില്‍....!"
'ഈ മണല്‍ക്കാടിലെ ഊഷര നിമിഷങ്ങളില്‍ മാധുര്യമുള്ള കണ്ഠങ്ങളിലൂടെ കരളിലേക്കൂര്‍ന്നിറങ്ങുന്ന ഗാനങ്ങള്‍ സാന്ദര്‍ഭികമായി സമ്മാനിക്കുന്ന മിഡിലീസ്റ്റിലെ മലയാളം പ്രക്ഷേപകരോടു ഞങ്ങള്‍ പ്രവാസികള്‍ എങ്ങനെ നന്ദി പറയും.
പുറത്തു ചുടുകാറ്റു വീശിയടിച്ചപ്പോള്‍ റേഡിയോപ്രസരണ വ്യക്തത നഷ്ടപ്പെട്ടു.പൊടിക്കാറ്റില്‍ നിന്നു രക്ഷപ്പെടാന്‍ ചില്ലുജാലകപ്പാളികള്‍
നീക്കിയടച്ചു വീണ്ടും ആ ഗാനത്തിന്റെ ബാക്കിക്കായി കാതോര്‍ത്തിരുന്നപ്പോള്‍ എന്റെ മൊബെയിലില്‍ 'തുഷാര'യില്‍ നിന്നൊരു മിസ്‌കാള്‍.
തിരിച്ചു വിളിച്ചപ്പോള്‍ ശബി മോളുടെ ഇടറിയ ശബ്ദം.
"പപ്പാ കുട്ടപ്പേട്ടന്റെ ചേച്ചിക്കു കൊന്നപ്പൂവറുക്കാന്‍ മരം കേറി വീണിട്ടു ശാബുന്റെ കാലൊക്കെ തോലരങ്ങി. ഉമ്മി ആഫ്റ്റര്‍ ഷേവു ലോഷന്‍ മുറിവില്‍ പുരട്ടിട്ട്‌ അവനിപ്പൊ കരച്ചിലോടു കരച്ചില്‍ !"
അവള്‍ ഫോണ്‍ ശാബുവിനു കൊടുത്തു.
സാരമില്ല മരുന്നിന്റെ നീറ്റല്‍ മാത്രം.
അവനെ ആശ്വസിപ്പിച്ചു ഫോണ്‍ ഓഫു ചെയ്തു ഞാന്‍ സോഫയിലേക്കു ചാഞ്ഞു. അറിയതെ എന്റെ ബാല്യകാലചിന്തകള്‍ക്കു ചിന്തേരിട്ടു.
കുട്ടപ്പേട്ടന്റെ ചേച്ചിയുടെ പേരെന്താവാവും. ചിലപ്പോള്‍ പത്മിനിയേച്ചിയെന്നവുമോ?

കണിക്കൊന്നപ്പൂവറുക്കാന്‍ മരം കേറുന്ന വിഷുക്കാലം.
മേടം ഒന്നിനു ജ്യോതിശാസ്ത്ര പുതുവര്‍ഷം. സൂര്യന്‍ ഭൂമദ്ധ്യരേഖ മുറിച്ചു കടക്കുന്ന സമയം.

വിഷുക്കാലമെന്നാല്‍ ഓര്‍മ്മപ്പെടുത്തലിന്റെ കാലം.
ഒരു നിയോഗമെന്ന പോലെ വര്‍ഷംതോറും കര്‍ഷകനെ കര്‍മ്മനിരതനാക്കാന്‍ വിരുന്നെത്തുന്ന വിഷുപക്ഷിയുടെ ഓര്‍മ്മപ്പെടുത്തലുകള്‍.
മീനച്ചൂടു സഹിച്ച മേനിയിലും മനസ്സിലും കുളിരു പകരുന്ന പുതുമഴയുടെ ഈറന്‍ സ്പര്‍ശനം.
വേനല്‍ മഴ വീണ ഭൂമിയില്‍ നിന്നും ആവിയായി ഉയരുന്ന ഭ്രമിപ്പിക്കുന്ന മണമുള്ള പുതുമണ്ണിന്റെ തൃഷ്ണ.
മീനത്തിലെ പരീക്ഷാച്ചൂടില്‍ മനസ്സിലും മസ്തിഷ്കത്തിലും പൊള്ളലുണ്ടാക്കിയ ഉഷ്ണത്തിനറുതിയായി, കാത്തു കാത്തിരിക്കുന്ന അധ്യായനവര്‍ഷാവസാനം കിട്ടുന്ന സുഖമുള്ള അവധിക്കാലം,
സ്കൂളവധിക്കാലത്തു നിറയെ കായ്ച്ചു നില്‍ക്കുന്ന മാവിനു താഴെ ഒരണ്ണാറകണ്ണനോ, കാക്കയോ കുയിലോ, കൊമ്പു കുലുക്കിയെത്തുന്ന വടക്കന്‍ കാറ്റോ സമ്മാനിക്കുന്ന മാമ്പഴത്തിനു വേണ്ടി ഒരുപറ്റം സമപ്രായക്കാരോടോത്തു മത്സരിക്കുന്ന കുട്ടിക്കാലമോര്‍ക്കവേ നെഞ്ചില്‍ നുരയുന്ന ഗൃഹാതുരത.
അവിടെ ആ മാഞ്ചോട്ടിലെ കളിപ്പന്തലിലിരുന്നു ചോറും കറിയും വെച്ചു കളിച്ചപ്പോഴായിരിക്കാം നീണ്ടവാലും രണ്ടടി നീളവുമുള്ള വിഷുപക്ഷിയുടെ പ്രാസമൊപ്പിച്ചുള്ള വിളിനാദം കേട്ടു ഞങ്ങള്‍ ആദ്യമായി പാരഡി പാടാന്‍ പരിശീലിച്ചത്‌.

വിത്തും കൈക്കോട്ടും....!
എത്ത്യോ പാടത്ത്‌?

കള്ളന്‍ ചക്കട്ടു,
ചക്കക്കുപ്പുണ്ടോ.....!

അച്ഛന്‍ കൊമ്പത്ത്‌..!
അമ്മ വരമ്പത്ത്‌..!

വിഷുപക്ഷിയുടെ ഈ വിളിച്ചു ചൊല്ലല്‍ കേട്ടാല്‍ കര്‍ഷകഗൃഹങ്ങളില്‍ ഉണര്‍വിന്റെ സമയമായി.
അപ്പോഴായിരിക്കാണം ഞാന്‍ ആ 'ഭൂമിയുടെ അവകാശികളെ' ആദ്യമായി മനസ്സിലാക്കിയത്‌. ബാല്യത്തിലാസ്വദിച്ച ഇത്തരം വിഷുക്കാലമായിരിക്കാമെന്നെ ഭൂമിയുടെ ഉപാസകരുമായി എന്റെ നെഞ്ചോടു ചേര്‍ത്തുവെച്ചത്‌.
കതിരുകാണാക്കിളിയെന്ന കര്‍ഷകന്റെ വാര്‍ഷിക അലാറക്കുയിലിന്റെ കൂചനം കേട്ടാല്‍
വിത്തും കൈക്കോട്ടും ഒരുക്കി,
മണ്ണിലുറ്റുന്ന പുതുമഴയെ ഹര്‍ഷാരവത്തോടെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന കര്‍ഷകന്‍.
വല്ലത്തില്‍ കാത്തു വെച്ച വിത്തില്‍ നിന്നും, നിന്നു പുതിയ വിളക്കുള്ള ബീജങ്ങള്‍ പുറത്തെ മാനം കാണിക്കുന്ന കാലം.

വിഷുപ്പക്ഷിയെ കതിരുകാണാക്കിളിയെന്നു വിളിക്കുന്നതെന്തിനാണെന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിരുന്നു.വിത്തും കൈക്കോട്ടുമൊരുക്കാന്‍ മണ്ണിന്റെ മക്കളെ തര്യപ്പെടുത്തി, തെരക്കു കൂട്ടി പിന്നീടെങ്ങോ പോയി മറയുന്ന ആ കിളി, ഒരിക്കലും കതിരു വരുന്നതു വരെ കാത്തിരിക്കാറില്ല. അതിനൊരിക്കലും കതിരു കണാന്‍ പറ്റിയിട്ടുണ്ടാവില്ല.
പത്മിനിയേച്ചിയും എനിക്കൊരു വിഷുപ്പക്ഷിയാണ്‌.
അഞ്ചാം ക്ലാസ്സുമുതല്‍ ഏഴാം ക്ലാസ്സുവരെയുള്ള എന്റെ സ്കൂള്‍ പഠനകാലത്തു എന്റെ ഉമ്മയെക്കാള്‍ എനിക്കു സ്നേഹം പകര്‍ന്നു തന്ന എന്റെ അയല്‍പക്കത്തെ ഒടപ്പെറപ്പല്ലാത്ത ഒരു ഓപ്പോള്‍.
കുട്ടികള്‍ ഇല്ലായിരുന്ന അവര്‍ക്കു ഞാനൊരു മകനായിരുന്നോ? അറിയില്ല. ചോദിക്കാന്‍ എനിക്കു വിവരം വെച്ചപ്പോഴേക്കും മരണം ഒരു പലമുഴം കയറായി അവരെ വിട്ടത്തിലൂടെ വലിച്ചുയര്‍ത്തിയില്ലെ!
വിഷുപ്പുലരിയില്‍ പത്മിനിയേച്ചി തന്നിരുന്ന 'വിഷുക്കഞ്ഞി' നാവിലിപ്പോഴും മധുരം മാത്രമേ തരുന്നുള്ളൂ.
അരി,തേങ്ങ,പാല്‍,ശര്‍ക്കര,എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വിഷുക്കഞ്ഞിയിലെ ഇന്‍ക്രീഡിയന്‍സിനെക്കാള്‍ അവകൂട്ടുന്ന അനുപാതത്തിനാണ്‌ ശാസ്ത്രീയത..
വിഷുക്കണിയൊരുക്കാന്‍ പത്മിനിയേച്ചിക്കു ചക്ക,വെള്ളരി,കൊന്ന എന്നിവ സംഘടിപ്പിച്ചിരുന്നതില്‍ പ്രധാനി ഞാന്‍ തന്നെ
പത്മിനിയേച്ചിക്കാണെന്നു പറഞ്ഞാല്‍ വല്യുപ്പ തന്നെ ലക്ഷണമൊത്ത കണിവെള്ളരി കായ്ക്കറി പന്തലിനു താഴെ പരന്നു കിടക്കുന്ന വെള്ളരി വള്ളിയില്‍ നിന്നും തെരഞ്ഞെടുത്തു തരും. കൊന്നപ്പൂവിന്നായി ഞാന്‍ കുന്നുമ്മലെ രാവുണ്ണിയേട്ടന്റെ കൊന്നമരത്തില്‍ വലിഞ്ഞു കേറുമ്പോള്‍ താഴെ ആവശ്യക്കാര്‍ ഏറെയുണ്ടാവും. എന്നാലും നല്ലതു പത്മിനിയേച്ചിക്കുള്ളതെടുത്തു വെച്ചിട്ടേ മറ്റുള്ളവര്‍ക്കു കൊടുക്കൂ. പള്ളയിട്ടു വലിഞ്ഞുകേറി, കൊന്നമരത്തിലുരസി തോലുപോയ നെഞ്ചില്‍ ചേച്ചിയുടെ വാല്‍സല്യമാര്‍ന്ന തലോടലുകിട്ടാന്‍ മുറിവുണങ്ങുന്നതു വരെ കുപ്പായമിടാതെ നടന്ന പത്തുവയസ്സുകാരനെ ഞാനെങ്ങനെ മറക്കും.
ചക്കയും,വെള്ളരിയും കൊന്നപ്പൂവും വിളക്ക്‌,കണ്ണാടി,സ്വര്‍ണ്ണം,പുസ്തകം,വസ്ത്രം എന്നിവക്കു പുറമെ കുറച്ചു അരിയും കൂട്ടി വെച്ചു ചേച്ചി വിഷുക്കണിയൊരുക്കുന്നതു ഞങ്ങള്‍ പൂജാമുറിയുടെ വാതില്‍പ്പടിക്കപ്പുറത്തു നിന്നും കണ്ടു നില്‍ക്കും.എട്ടു മംഗളവസ്തുക്കളാണത്രേ കണികാണാന്‍ വെക്കുകയെന്നു ചേച്ചി പറഞ്ഞായറിവാണിപ്പോഴുമുള്ളില്‍.
അന്നേരം തറവാട്ടില്‍ അടുത്തവിളയുടെ ആരംഭം കുറിക്കാന്‍ കാളിയും പരിവാരങ്ങളുമെത്തും.
അവര്‍ക്കു ചടങ്ങുണ്ട്‌. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ചടങ്ങ്‌.
കണ്ടത്തിലെ വിഷുച്ചാല്‍ കീറല്‍.
'കുണ്ടപ്പന്റെ' കരിയും കലപ്പയും കഴുകി വൃത്തിയായി
അരിമാവുകൊണ്ടു കോലമെഴുതി കൊണ്ടുവന്നിട്ടുണ്ടാവും.
എല്ലാരും സന്തോഷത്തോടെ 'വല്ല്യണ്ടത്തിലെ' ഒത്ത നടുക്കു കൂടും. വല്യുപ്പ ആദ്യമായി കൈക്കോട്ടു കൊണ്ടൊരു ചാലുകീറും.
കുണ്ടപ്പന്‍ അതിനു ചുറ്റും കോലമെഴുതിയ കരിനുഖം കൊണ്ടു വട്ടത്തില്‍ ഒരുപാടു ചാലു കീറും. കാളിയും കൂട്ടരും അതില്‍ പച്ചിലയും ചാണകവുമിട്ടുമൂടും. ഭൂമിക്കു അടനേദിച്ചു ഭൂമിപൂജ നടത്തുന്ന ചടങ്ങാണിതെന്നു അന്നൊന്നും എനിക്കറില്ലായിരുന്നു. ആ വര്‍ഷം മുഴുവന്‍ വിളയില്‍ സമൃദ്ധിയുണ്ടാവാനണത്രെ ആ ചടങ്ങു നടത്തുന്നത്‌.
ചടങ്ങിനവസാനം അവരൊക്കെ സമ്മാനങ്ങളുമായി പോകുമ്പോള്‍ ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാര്‍ക്കും സമൃദ്ധി ആശംസിക്കുന്നതു കാണാന്‍ എന്തൊരു ചേലായിരുന്നു.
കുന്നുമ്മലെ രാവുണ്ണിയേട്ടന്റെ മക്കളും തുപ്രനാശാരിന്റെ മക്കളും വിഷുപ്പടക്കവുമായി കുട്ടിമ്മതാത്താന്റെ കണ്ടത്തില്‍ ഒത്തു കൂടുമ്പോള്‍ ശബ്ദവും വര്‍ണ്ണവെളിച്ചവും ആസ്വദിക്കാന്‍ ഞങ്ങള്‍ ഒരുപാടു പേരുണ്ടായിരുന്നു.
പത്മിനിയേച്ചിയില്‍ നിന്നു കിട്ടിയിരുന്ന വിഷു കൈനീട്ടം കൊണ്ടാണു ഞനെന്റെ സമ്പാദ്യക്കുടുക്ക ഉദ്ഘാടനം ചെയ്തത്‌.
വിഷുചന്തക്കു വേണ്ടി മാറ്റിവെച്ച വെള്ളരി ചന്തയില്‍ വിറ്റു വന്നാല്‍ വല്യുപ്പാക്കു അന്നു നല്ല സന്തോഷമായിരിക്കും.ആ ആണ്ടിലെ എറ്റവും നല്ല വില്‍പ്പന വരുമാനം അന്നായിരിക്കും.
ഇതെഴുതുമ്പോള്‍ എന്റെ മുന്നിലിരിക്കുന്ന റേഡിയോ തരുന്ന അനുഭൂതി,
അതിലേക്കെന്നെ കൊണ്ടുപോയ ‌ മലയാള റേഡിയോ പ്രക്ഷേപണത്തെ നന്ദിയോടെ സ്മരിച്ചു കൊണ്ടു അതിന്റെ ഒരംശമെങ്കിലും നിങ്ങളിലേക്കും പകരാന്‍ ഒരു വൃഥാ ശ്രമം നടത്തട്ടെ!

വിഷുപ്പക്ഷി ഏതോ കൂട്ടില്‍.....!
വിഷാദാര്‍ദ്രമെന്തോ പാടി.......,

<< മുന്‍ താളിലേക്ക്

<< അഭിപ്രായം രേഖപ്പെടുത്തുക