തുഷാരം ഡോട്ട് കോമിനു വേണ്ടി ഇബ്രു തിരൂര്‍, സുനില്‍ എന്നിവര്‍ പ്രശസ്‌ത എഴുത്തുകാരനായ ശിഹാബുദ്ധീന്‍ പൊയ്‌ത്തുംകടവുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
.
സുനില്‍: എഴുത്തിലേക്കുള്ള തിരിച്ചറിവ് എങ്ങിനെയായിരുന്നു?
ശിഹാ: പാരമ്പര്യമായ കൈവഴികളൊന്നും എഴുത്തുമായി ബന്ധപ്പെട്ടതല്ലായിരുന്നിട്ടും
ഞാന്‍ എഴുത്തിലേക്ക് വന്നത് യാദൃശ്ചികമായിട്ടായിരുന്നു. എങ്കിലും
വളപട്ടണമെന്ന എന്റെ നാട്ടിലെ ലൈബ്രറിയില്‍ നിന്ന് ഞാന്‍ ആദ്യമായി
വായിക്കാനായി തെരഞ്ഞെടുത്ത പുസ്‌തകം യാദൃശ്ചികമായി വൈക്കം മുഹമ്മദ്
ബഷീറിന്റേതായിരുന്നു. ബഷീര്‍ ആരാണെന്നോ എന്താണെന്നോ അറിയാതെയുള്ള
തെരഞ്ഞെടുപ്പായിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷവും ഞാനത് തികച്ചും
യാദൃശ്ചികമെന്ന സൌന്ദര്യത്തോടും എന്റെ എഴുത്തിനോടും ചേര്‍ത്ത് വെക്കാനാഗ്രഹിക്കുന്ന
ഒന്നാണത്.
സാഹിത്യവുമായി, പ്രത്യേകിച്ച് കഥ, കവിത എന്നിവയെ പരിഗണിക്കുമ്പോള്‍
രണ്ട് തരം രീതിയിലാണത് ശ്രോതാക്കള്‍ക്ക് പകര്‍ന്ന് കിട്ടുന്നത്,
ലിപി നിര്‍മ്മിതമായ എഴുത്ത്. മറ്റൊന്ന് ലിപിയധിഷ്‌ഠിതമല്ലാത്ത വാമൊഴി
എന്നിവയാണ്. ബാല്യകാലത്ത് ഈ രീതികളിലൊന്നായിരുന്ന കഥ പറച്ചില്‍
(വാ മൊഴി) എന്റെ അതീവ താല്‍പര്യമുള്ളതായിരുന്നു. കാണാത്ത, നിലവിലില്ലാത്ത
സിനിമാ കഥകള്‍ പറഞ്ഞ് കൂട്ടുകാരെ രസിപ്പിക്കുക എന്നത് ഹരമായി മാറിയിരുന്നു
അക്കാലത്ത്. വാമൊഴിയുടെ തീവ്രമായ അനുഭവസാക്ഷ്യങ്ങളില്‍ നിന്നെവിടെയോ
നിന്നാണ് എഴുത്തുകാരന്‍ എന്ന നിലയിലേക്ക് വളര്‍ന്ന് വന്നതിന്റെ
വിത്ത് പാകല്‍ സംഭവിച്ചിരിക്കുന്നത്.
അനുഭവങ്ങളുടെ തീവ്രമായ പകര്‍ന്നെഴുത്ത് നടക്കുമ്പോഴാണ് എഴുത്തുകാരന്റെ
സര്‍ഗ്ഗാത്മകത വെളിപ്പെടുന്നത്. അതിന് ഔപചാരികമായ വിദ്യാഭ്യാസത്തിന്
സാധ്യതകളില്ല. അതാണ് വൈക്കം മുഹമ്മദ് ബഷീറിനെ പോലെയുള്ള എഴുത്തുകാര്‍,
ഭാഷാദ്ധ്യാപനത്തിലെ അക്കാഡമിസ്‌റ്റുകളേക്കാള്‍ ജനങ്ങളില്‍ നിറഞ്ഞ്
നില്‍ക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ എഴുത്ത് ജന്മസിദ്ധമായ ഒന്നാണ്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, തിരൂര്‍ തുഞ്ചന്‍ പറമ്പില്‍
നടന്ന സാഹിത്യക്യാമ്പിനിടയ്‌ക്ക് ഉയര്‍ന്നൊരു ചോദ്യമായിരുന്നു..
എഴുത്തില്‍ ബുദ്ധിപരമായ അംശം തെളിഞ്ഞ് നില്‍ക്കേണ്ടതല്ലേ എന്നുള്ളത്.
ഇത് പൊതുവേ നിലനില്‍ക്കുന്ന പരമ്പരാഗതമായ ചോദ്യമാണ്. കഥകളില്‍
ബൌദ്ധികതയുടെ അംശമാണോ ഹൃദയത്തിന്റെ സ്വരമാണോ പ്രതിഫലിക്കേണ്ടത്?
യഥാര്‍ത്ഥത്തില്‍, തീവ്രമായ ചോദ്യമാണത്. ഹൃദയാംശമില്ലാത്ത ബുദ്ധിയുടെ
പ്രവര്‍ത്തനങ്ങള്‍ പോലെ തന്നെ ഭീകരമോ മ്ലേച്ഛമോ ആണ്, ബുദ്ധിപരമല്ലാത്ത
ഹൃദയാംശം. എഴുത്തിന്റെ സാദ്ധ്യത ഈ മേല്‍ പറഞ്ഞ രണ്ടിനുമിടയ്‌ക്കാണ്.
എഴുത്തില്‍ സഹജാവബോധത്തിന്റെ സാധ്യത തീവ്രമാണ്. എന്നാല്‍, എഴുത്തിന്
ജന്മസിദ്ധമായ സ്‌പര്‍ശമില്ല എന്ന് തീര്‍ത്ത് പറായാനാവില്ല. ജനിതകപരമായ
കണ്ണികളിലെവിടെയോ നിന്ന്, ചിലപ്പോള്‍ വാമൊഴിയുടെ സാദ്ധ്യതകള്‍ പിന്‍തലമുറയിലേക്ക്
പകര്‍ന്ന് വന്നപ്പോള്‍ വരമൊഴിയുടെ രൂപത്തില്‍ സാദ്ധ്യമാകുന്നതുമാകാം
എഴുത്തുകാരന്റെ വൈഭവം. എഴുത്തുകാരന്റെ പരിസരവും അതിന്റെ രൂപകം നിര്‍ണ്ണയിക്കുന്നതിന്
കാരണമാകാം.
എന്റെ കഥാരചനാ രീതിയില്‍ വാമൊഴിയുടെ പ്രാധാന്യമാണ് വരമൊഴിയുടെ
സാങ്കേതികതയേക്കാള്‍ പ്രകടാമാകുന്നത്. ജനിതക പരമ്പരയിലെ പിതാമഹന്മാരിലാരെങ്കിലും
വാമൊഴിയില്‍ വൈദഗ്ദ്യമുള്ളവരായിരിക്കാമെന്ന് ഞാനിത് വഴി അനുമാനിക്കുന്നുണ്ട്.
ഇബ്രു: ശിഹാബിന്റെ ആദ്യകാല കഥകളില്‍ നിന്ന് ഈയിടെ പ്രകാശിതമായ 'മരമില്ലിലെ
കുറുക്കന്‍' പോലെയുള്ള കഥകളിലേക്ക് വരുമ്പോള്‍ താത്വികമായ സംവേദനം
കൂടുതലാവുന്നതിന്റെ കാരണങ്ങളെന്താണ്?
ശിഹാ: വാമൊഴിയുടെ പരിമിതികളിലൊന്ന്, കഥ പറാച്ചിലുകാരന്റെ ബൌദ്ധിക
നിലവാരത്തിനൊപ്പമെത്താന്‍ കഴിയാത്ത കേള്‍വിക്കാരനുണ്ടായിരിക്കുക
എന്നതാണ്. അത്തരമൊരവസ്ഥയില്‍ തന്നോട് തന്നെ സംവേദിച്ച് കഥാകാരന്‍
സമാശ്വസിക്കുന്നു. 'ഈര്‍ച്ചമില്ലിലെ കുറുക്കന്‍' നിലവിലുള്ള സൈദ്ധാന്തിക
ലോകത്തിലേക്കുള്ള കീഴടങ്ങലിന്റെ ഭാഷയാണ്.
ഇബ്രു: സമൂഹത്തിന്റെ നിലവിലുള്ള നിശ്ചലാവസ്ഥയോട് കീഴടങ്ങലാണുത്തമമെന്ന്
ധ്വനിപ്പിക്കുകയാണോ? പ്രതിഷേധങ്ങളെ അവനവനില്‍ തന്നെ ഉരുകിത്തീരാന്‍
പ്രേരിപ്പിക്കുകയാണോ?
ശിഹാ: ആ കഥയില്‍ കുറുക്കനും കാവല്‍ക്കാരനും തമ്മിലുള്ള സംഭാഷണമാണുള്ളത്.
അതില്‍ കുറുക്കനെ തന്നെ തെരഞ്ഞെടുക്കാനുള്ള കാരണം കുറുക്കന്‍ കീഴടങ്ങാന്‍
ബുദ്ധിമുട്ടുള്ളൊരു മൃഗമാണ്. മറ്റു മൃഗങ്ങളില്‍ നിന്ന് തീര്‍ത്തും
വ്യത്യസ്തമായി കുറുക്കന്‍ അതിന്റെ സ്വഭാവം തീവ്രമായി നില്‍നിര്‍ത്തുന്നൊരു
ജീവിയാണ്. അപ്പോള്‍ അതിനോളം ശക്തമായൊരു ബിംബം ആ കഥയ്‌ക്ക് കിട്ടാനില്ല.
ഇബ്രു: ഗ്ലോബലൈസേഷനും കുറുക്കന്റെ തന്ത്രത്തോടെയാണ് വിഹരിക്കുന്നു
എന്നാണോ?
ശിഹാ: ഗ്ലോബലൈസേഷന്‍ അതിലും തീവ്രമായിട്ട്, കൌശലത്തോടെ കാലത്തിന്റെ
അനിവാര്യത എന്ന നിലയ്‌ക്ക് സംഭവിക്കുന്നതാണ്. ജന്മിത്വത്തിന്റേയും
അടിമത്വത്തിന്റെയും ആനുകാലിക വകഭേദമാണ് ഗ്ലോബലൈസേഷന്‍. എല്ലാറ്റിനുമുപരി,
കീഴടങ്ങാന്‍ മടിക്കുന്ന സ്വത്വബോധത്തിന്റെ പ്രതീകമായാണ് കുറുക്കനെ
ആ കഥയില്‍ പ്രസ്‌താവിച്ചിരിക്കുന്നത്. കീഴടങ്ങിയ കാവല്‍ക്കാരന്‍,
കീഴടങ്ങാന്‍ കൂട്ടാക്കാത്ത കുറുക്കനെ കീഴടാക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ
ആവിഷ്‌കാരമാണ് 'ഈര്‍ച്ചമില്ലിലെ കുറുക്കന്‍' എന്ന കഥ.
(തുടരും)
<< മുന്‍ താളിലേക്ക്
<< അഭിപ്രായം രേഖപ്പെടുത്തുക